കണിച്ചാർ: കണ്ണൂർ ജില്ലയിലെ കണിച്ചാർ പഞ്ചായത്തിൽ പെടുന്ന നെടുംപുറം ചാലിൽ ഹെൽത്ത് സെൻ്റർ നിർമിക്കാനാണ് നാട്ടുകാരുടെ കൂട്ടായ്മ 5 സെൻ്റ് ഭൂമി വില കൊടുത്തു വാങ്ങി പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയത്. 2022 ഓഗസ്റ്റ് 1 ന് രാത്രി ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് നെടുംപുറംചാലിൽ ഉണ്ടായിരുന്ന ഹെൽത്ത് സെൻ്ററിൽ വെള്ളം കയറുകയും കെട്ടിടം ഉപയോഗശൂന്യമായി മാറുകയും ചെയ്തിരുന്നു. ഈ ഹെൽത്ത് സെൻ്ററിൽ താമസിച്ചിരുന്ന പബ്ലിക് ഹെൽത്ത് നഴ്സിൻ്റ മകൾ അന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ട് മരിച്ചിരുന്നു. സെൻ്ററിൻ്റെ പ്രവർത്തനം താൽക്കാലികമായി പൂളക്കുറ്റി എന്ന സ്ഥലത്തേക്ക് മാറ്റി. നെടുംപുറംചാലിൽ പുതിയ കെട്ടിടം നിർമിക്കാൻ ജിയോളജി വകുപ്പ് ഉപാധികളോടെ അനുവാദം നൽകിയെങ്കിലും ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൻ്റെ ചുവട് പിടിച്ച് പഞ്ചായത്ത് ഭരണസമിതിയും പ്രതികൂല നിലപാട് സ്വീകരിച്ചു. തൽക്കാലികമായി പ്രവർത്തിച്ച പൂളക്കുറ്റിയിൽ സെൻ്റർ നിർമിക്കാൻ ഇതിനിടയിൻ ശ്രമം ഉണ്ടാവുകയും അതിനായി നീക്കങ്ങൾ ശക്തമാക്കുകയും ചെയ്തു. നെടുംപുറംചാലിൽ ഉള്ള സ്ഥലത്ത് കെട്ടിടം നിർമിക്കാനാകില്ല എന്ന നിലപാട് പഞ്ചായത്ത് നേതൃത്വം തുടർന്നതോടെ പ്രതിഷേധവും ആരോപണങ്ങളും ഉയർന്നു. സെൻ്റർ നെടുംപുറംചാലിൽ തന്നെ നിലനിർത്തണമെന്നും കെട്ടിടം നിർമിക്കണമെന്നുമുള്ള താൽപ്പര്യത്തോടെ പഞ്ചായത്തംഗം ജിഷ സജിയുടെ നേതൃത്വത്തിൽ കൂട്ടായ്മ രൂപീകരിച്ച് പ്രവർത്തനം നടത്തുകയും തുക സ്വരൂപിച്ച് 5 സെൻ്റ് സ്ഥലം വാങ്ങുകയും ചെയ്തു. ഈ ഭൂമിയുടെ രേഖകളാണ് പഞ്ചായത്തിന് കൈമാറിയത്.
നിടുംപുറംചാൽ പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.കെ. വിനോദ് ഭൂമിയുടെ രേഖ ഏറ്റുവാങ്ങി. അഞ്ചര സെൻ്റ് സ്ഥലമാണ് പഞ്ചായത്തിന് കൈമാറിയത്.ചടങ്ങിൽ കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ , വാർഡ് മെമ്പർ ജിഷ സജി,ബിനു മണ്ണാർത്തോട്ടം, സതീഷ് മണ്ണാർകുളം, കെ.കെ. ശൈല തുടങ്ങിയവർ പങ്കെടുത്തു.
എന്തുകൊണ്ട് ഒരു ചെറിയ സർക്കാർ സ്ഥാപനം ഒരു ഉൾനാടൻ ഗ്രാമത്തിൽ നിർമിക്കാൻ പോലും വളരെയധികം തർക്കങ്ങളും പിടിവലികളും ഉണ്ടാകുന്നു എന്ന ചോദ്യം ഈ വിഷയത്തിൽ പ്രസക്തമാണ്. രാഷ്ട്രീയ മേധാവിത്ത തർക്കങ്ങളും അതിൻ്റെ പേരിൽ നടക്കുന്ന അമിത രാഷ്ട്രീയ ഇടപെടലുകളും തന്നെയാണ് കാരണം. എന്തിലും ഏതിലും ഒരു മര്യാദയും കൂടാതെ രാഷ്ട്രീയം കലർത്തുന്നത് നിസ്സാര പ്രശ്നങ്ങളിൽ പോലും സങ്കീർണത സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. ഗതി മാറി ഒഴുകിയതോടിൻ്റെ കരകൾ സുരക്ഷിതമായി ഭിത്തി കെട്ടി സംരക്ഷിച്ച് പഴയ സ്ഥലത്ത് തന്നെ ബലവത്തായ ഒരു കെട്ടിടം നിർമിക്കാൻ കഴിയുമായിരുന്നു. എന്നാൽ അമിത രാഷ്ട്രീയം കാരണമാണ് ജനം പിരിവിട്ട് കാശ് കൊടുത്ത് പുതിയ കെട്ടിടം പണിയാൻ ഭൂമി വാങ്ങി കൊടുക്കേണ്ടതായി വന്നത്. ഈ തരം നിലപാട് കുറഞ്ഞത് ഗ്രാമപഞ്ചായത്തുകളിൽ നിന്ന് എങ്കിലും ഒഴിവാക്കേണ്ടതുണ്ട്.
The land purchased by the locals was handed over to the panchayat to build a health center.